ഓണക്കഥ



🔅 _*"ദൈവം ലോകത്തെ സ്നേഹിച്ചതു കൊണ്ട് കഥകളുണ്ടായി” എന്ന ആഫ്രിക്കൻ പഴമൊഴി സത്യമാണ്. കഥകളിലൂടെ സ്നേഹത്തിന്റെ വിത്തുകൾ പരാഗണം ചെയ്യപ്പെടുന്നുണ്ട്. പ്രത്യാശയുടെ  ഇളംനാമ്പുകൾ കഥയിൽ പൊട്ടിമുളക്കുന്നുണ്ട്. അങ്ങനെ കഥക്ക് സാന്ത്വനം നൽകുന്ന ഒരു തലോടലാകാൻ കഴിയുന്നു. കഥകൾ കേട്ട് കേട്ട് വിശപ്പ് മറന്ന് ഉറങ്ങിപ്പോയ പട്ടിണിക്കാലങ്ങളെ ഒരു കഥ പോലെ തന്നെ നമുക്ക് ഓർത്തെടുക്കാനാകും. ഓർമയിലുള്ള കഥകൾ വിശകലനം ചെയ്യുമ്പോൾ മനുഷ്യന്റെ സ്വപ്നങ്ങളെയും സങ്കടങ്ങളെയും അവയിൽ കണ്ടുമുട്ടാനാകും. നന്മയ്‌ക്കും ആനന്ദത്തിനും വേണ്ടിയുള്ള കാത്തിരിപ്പുകളെ അവയിൽ അഭിമുഖീകരിക്കാൻ കഴിയും. അങ്ങനെ കഥ ഒരു സംസ്കാരത്തിന്റെ കാത്തിരിപ്പുകേന്ദ്രമാണ്. കള്ളവും ചതിയും അസത്യഭാഷണവും അക്രമവുമില്ലാത്ത മാവേലിനാടിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ഓണക്കഥയുടെ സുന്ദരവാഗ്ദാനം.

           



🔅 _*ഒരു കഥക്ക് മേലാണ് ഓണം എന്ന ഉത്സവം നാം മെനഞ്ഞെടുക്കുന്നത് എന്നത് ചിന്തനീയമാണ്. കഥയോട് കൂറ് പുലർത്തുന്ന മനുഷ്യർ ഇന്ന് കുറവാണെങ്കിലും ഓണക്കാലത്ത് മാവേലിയുടെ കഥയിലേക്ക് ശ്രദ്ധയൂന്നാൻ എല്ലാവരും നിർബന്ധിതരാകുന്നുണ്ട്. ഓണമെന്ന നാട്ടാഘോഷം പരാവർത്തനം ചെയ്യുന്ന മൂല്യവിചാരം തന്നെ ഒരു കഥയുടെ ലാളിത്യത്തിലേക്ക് കടന്നു നിൽക്കാനുള്ള ക്ഷണമാണ്. മത്സരത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും മുഖ്യധാരാശൈലികളിൽ നിന്നകന്ന് താരതമ്യേന അപ്രസക്തമായവയിലേക്ക് കണ്ണോടിക്കാൻ ഓണം നമ്മെ നിർബന്ധിക്കുന്നു. അങ്ങനെ വർഗീയ-രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകൾ അവസാനിപ്പിച്ച്, വർത്തമാനപ്പത്രങ്ങൾ മടക്കി വച്ച്, ഒരു തുമ്പപ്പൂവിന്റെ സൗരഭ്യത്തിലേക്ക് നാം ഇറങ്ങിച്ചെല്ലുന്നു.*_


🔅 _*ജീവനുള്ള കാഴ്ചകൾ, നിരവർണങ്ങൾ, മാവേലിനാടിന്റെ സ്വപ്നങ്ങൾ, സമഭാവനക്കായുള്ള കാത്തിരിപ്പ് എന്നിവയെല്ലാം ഓണം ഓർമിപ്പിക്കുന്ന കഥയുടെ സംഭാവനകളായി അവശേഷിക്കുന്നുണ്ട്. ഓണത്തിന്റെ ഓർമ്മ ഗൃഹാതുരത്വം സൃഷ്ടിക്കുന്നു. ഓർമകളില്ലാതാകുമ്പോൾ  മനസ് ഊഷരമാകുന്നു. . . ജീവിതം മരുഭൂമിയാകുന്നു. . .*_ _*ആയുസ്സെത്താതെ നാം ഓർമ്മയാകുന്നു . . .പ്രിയമുള്ളവരെ, ഈ ഓർമ്മകൾ ജീവനുള്ള കാലത്തോളം  കൊണ്ടുനടക്കാൻ നമുക്കാകട്ടെ..*_


🔅 _*ഗൃഹാതുരത്വം ഒരു ചികിത്സാവിധിയാണ്,  ഓണം, ചികിത്സക്കുള്ള അവധിക്കാലവും . . .അതിനാൽ തിരുവാതിരപ്പാട്ട് കേട്ട് നമുക്കുറങ്ങാം . . . ഉണരുമ്പോൾ മഞ്ഞിന്റെ നനവുള്ള,  നറുഗന്ധമുള്ള പൂവുകൾക്ക് കാതോർക്കാം!*_


Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*