ജീവിതമാകുന്ന പാത്രം

 #ജീവിതമാകുന്ന പാത്രം...

 ❦ ════ •⊰❂⊱• ════ ❦


ഒരിക്കല്‍ ഒരു ടൈം മാനേജ്‌മെന്റ് വിദഗ്ധന്‍, മിടുക്കരായ എം.ബി.എ. വിദ്യാര്‍ഥികള്‍ക്കു ക്ലാസെടുക്കുകയായിരുന്നു. സമയം എങ്ങനെയാണു പ്രയോജനപ്രദമായി ചെലവഴിക്കേണ്ടതെന്നു വിശദീകരിക്കുന്നതിനിടയില്‍ അദ്ദേഹം ഒരു ഡെമണ്‍സ്‌ട്രേഷന്‍ നടത്തി.



എല്ലാവരും ശ്രദ്ധാപൂര്‍വം നോക്കിയിരിക്കുമ്പോള്‍ അദ്ദേഹം ഒരു വലിയ ബക്കറ്റെടുത്തു മേശപ്പുറത്തുവച്ചു. അതിനുശേഷം കുറെ വലിയ കല്ലുകള്‍കൊണ്ട് ആ ബക്കറ്റ് നിറച്ചു. എന്നിട്ട് അദ്ദേഹം അവരോടു ചോദിച്ചു: ''ഇപ്പോള്‍ ഈ ബക്കറ്റ് ഫുള്‍ ആണോ...?'' ''അതെ'' എന്നായിരുന്നു വിദ്യാര്‍ഥികളുടെ മറുപടി.


''ഈ ബക്കറ്റ് ശരിക്കും ഫുള്‍ ആണോ...?'' അദ്ദേഹം ചോദ്യം ആവര്‍ത്തിച്ചുകൊണ്ട് ഒരു പ്ലാസ്റ്റിക് സഞ്ചിയില്‍നിന്ന് കുറെ ചെറിയ ഉണ്ടക്കല്ലുകളെടുത്തു ബക്കറ്റിലിട്ട് അതു കുലുക്കിനിറച്ചു. ബക്കറ്റ് നിറഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു: ''ഇപ്പോള്‍ ഈ ബക്കറ്റ് ഫുള്‍ ആണോ...?''


''അല്ല'' എന്നായിരുന്നു ഇത്തവണ അവരുടെ ഉത്തരം. അദ്ദേഹം വീണ്ടും ഒരു പ്ലാസ്റ്റിക് സഞ്ചിയെടുത്ത് അതില്‍നിന്നു കുറെ തരി മണല്‍ ബക്കറ്റിലിട്ടു. തരി മണലിട്ട് ബക്കറ്റ് കുലുക്കി നിറച്ചതിനുശേഷം അദ്ദേഹം തന്റെ പഴയ ചോദ്യം ആവര്‍ത്തിച്ചു: ''ഈ ബക്കറ്റ് ഫുള്‍ ആണോ...?'' അപ്പോള്‍ അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു: ''അല്ലേയല്ല.''


ഒരു പാത്രത്തില്‍ കുറെ വെള്ളമെടുത്ത് അദ്ദേഹം കല്ലും, ചരലും, മണലും നിറഞ്ഞ ആ ബക്കറ്റിലേക്ക് ഒഴിച്ചു. ബക്കറ്റ് നിറഞ്ഞു കവിഞ്ഞൊഴുകിയപ്പോള്‍ അദ്ദേഹം വീണ്ടും ചോദിച്ചു: ''ഇപ്പോള്‍ ഈ ബക്കറ്റ് ഫുള്‍ ആണോ...?'' ഇത്തവണ ''അതെ'' എന്നായിരുന്നു അവരുടെ ഉത്തരം...!


അല്പസമയത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം ചോദിച്ചു: ''എന്താണ് ഈ പരീക്ഷണംകൊണ്ടു നിങ്ങള്‍ക്കു മനസിലായത്...?'' അപ്പോള്‍ ഒരാള്‍ എഴുന്നേറ്റുനിന്നു പറഞ്ഞു: ''നമുക്ക് എന്തുമാത്രം തിരക്കുണ്ടെങ്കിലും നാം പരിശ്രമിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും. ''ആ ക്ലാസിലെ മറ്റു വിദ്യാര്‍ഥികളെല്ലാം ഈ അഭിപ്രായത്തെ പിന്താങ്ങി.


ഉടനേ അദ്ദേഹം പറഞ്ഞു: ''നിങ്ങള്‍ പറഞ്ഞ കാര്യം ശരിയാണ്. എന്നാല്‍... ഈ പരീക്ഷണം കൊണ്ടു ഞാന്‍ ഉദ്ദേശിച്ചതു വേറൊരു കാര്യമാണ്...'' അവര്‍ എല്ലാവരും ആകാംക്ഷാഭരിതരായി അദ്ദേഹത്തിന്റെ ഉത്തരത്തിനായി കാത്തിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു: ''വലിയ കല്ലുകള്‍ ആദ്യമിടണം. അല്ലെങ്കില്‍ അവ ബക്കറ്റില്‍ കൊള്ളില്ല. ഇതാണു നിങ്ങള്‍ കണ്ട പരീക്ഷണം നമ്മെ പഠിപ്പിക്കുന്നത്...''


അദ്ദേഹം പറഞ്ഞതു ശരിയാണെന്ന് അവര്‍ സമ്മതിച്ചു. ചരലും, മണലും, വെള്ളവും കൊണ്ടു ബക്കറ്റ് നിറച്ചതിനു ശേഷം വലിയ കല്ലുകള്‍ ആ ബക്കറ്റിലിടുക അസാധ്യമാണെന്ന് അവര്‍ മനസിലാക്കി. പക്ഷേ: അപ്പോഴും ആ പരീക്ഷണത്തിന്റെ സന്ദേശമെന്താണെന്ന് അവര്‍ക്കു പിടി കിട്ടിയിരുന്നില്ല. സമര്‍ഥരായ ആ വിദ്യാര്‍ഥികള്‍ അല്പനേരത്തേക്കാണെങ്കിലും അങ്ങനെ പകച്ചിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു:


''നിങ്ങളുടെ ജീവിതത്തിലെ വലിയ കല്ലുകള്‍ക്കു നിങ്ങള്‍ പ്രാധാന്യം കൊടുക്കുന്നില്ലെങ്കില്‍ അവ ജീവിതമാകുന്ന നിങ്ങളുടെ ബക്കറ്റില്‍ ഉള്‍പ്പെടുത്തുവാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരും. എന്താണു നിങ്ങളുടെ ജീവിതത്തിലെ വലിയ കല്ലുകള്‍...?''


അവരുടെ മുഖങ്ങളിലേക്കു നോക്കി ഒരു പുഞ്ചിരിയോടെ അദ്ദേഹം തുടര്‍ന്നു: ''നിങ്ങളുടെ ജീവിതത്തിലെ വലിയ കല്ലുകളെന്നു പറയുന്നത് നിങ്ങളുടെ കുടുംബാംഗങ്ങള്‍, നിങ്ങളുടെ സുഹൃത്തുക്കള്‍, നിങ്ങളുടെ ആരോഗ്യം, നിങ്ങളുടെ തുടര്‍വിദ്യാഭ്യാസം, നിങ്ങള്‍ ചെയ്യുന്ന നന്മ പ്രവൃത്തികള്‍, നിങ്ങളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം എന്നിങ്ങനെയുള്ള കാര്യങ്ങളാണ്. ഇവയൊക്കെ ജീവിതമാകുന്ന ബക്കറ്റില്‍ ആദ്യമിടുന്നില്ലെങ്കില്‍ കൊച്ചു കൊച്ചു കാര്യങ്ങള്‍ കൊണ്ടു ബക്കറ്റ് വേഗം നിറഞ്ഞു പോവുകയും ഇവയെല്ലാം വിസ്മരിക്കപ്പെടുകയും ചെയ്യും.''


ജീവിതത്തില്‍ ഒട്ടേറെ തിരക്കുള്ളവരാണു നാമെല്ലാവരും തന്നെ. ശമ്പളം പറ്റുന്ന ഒരു ജോലിയില്ലെങ്കില്‍പ്പോലും പല രീതിയിലുള്ള തിരക്കുകള്‍കൊണ്ടു ക്ലേശിക്കുന്നവരാണ് ഭൂരിപക്ഷം പേരും. നമ്മുടെ ഈ തിരക്കിനിടയ്ക്കു ജീവിതത്തിലെ പല സുപ്രധാന കാര്യങ്ങളും നാം മറന്നു പോകാനിടയുണ്ടെന്നതാണു വാസ്തവം.


ജീവിക്കുവാനുള്ള നെട്ടോട്ടത്തിനിടയില്‍ എല്ലാ കാര്യങ്ങളിലും നമുക്കു ശ്രദ്ധവയ്ക്കുവാന്‍ സാധിക്കുകയില്ല എന്നതു ശരിയാണ്. എന്നാല്‍... ജീവിതത്തിലെ സുപ്രധാന കാര്യങ്ങള്‍ മറന്നുകൊണ്ടുള്ള ജീവിതത്തിന് എന്ത് അര്‍ഥമാണുള്ളത്...?


ജീവിക്കുവാന്‍ നമുക്കു പണം വേണമെന്നതു ശരിയാണ്. എന്നാല്‍... പണമുണ്ടാക്കുവാന്‍ വേണ്ടി കുടുംബ ബന്ധങ്ങളും ധാര്‍മിക മൂല്യങ്ങളും നാം മറക്കാമോ...? നമുക്കും ജീവിക്കണമെന്നതിന്റെ പേരില്‍ ആരെയും നമുക്കു വഞ്ചിക്കാമോ...? നമുക്കു ജീവിക്കുവാന്‍ ബുദ്ധിമുട്ടുള്ളതിന്റെ പേരില്‍ മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ നാം കാണാതെ പോകാമോ...?


നമ്മുടെ ജീവിതത്തിലെ കാതലായ കാര്യങ്ങളില്‍ ആദ്യം തന്നെ ശ്രദ്ധിക്കുവാന്‍ നമുക്കു ശ്രമിക്കാം... അങ്ങനെ ചെയ്യാതെ പോയാല്‍ കാതലായ ആ കാര്യങ്ങള്‍ക്കു സ്ഥാനം കൊടുക്കാന്‍ ഒരിക്കലും നമുക്കു കഴിയില്ലെന്നതാണു സത്യം. ജീവിതത്തിലെ വ്യഗ്രതകള്‍ക്കിടയില്‍ അവയെല്ലം നാം എളുപ്പം മറന്നു പോയെന്നു വരും.


നമ്മുടെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഏവയൊക്കെയാണെന്നു നമുക്കു സ്വയം പരിശോധിക്കാം... ജീവിതത്തിലെ അപ്രധാനവും, അപ്രസക്തവുമായ കാര്യങ്ങള്‍ക്കാണു നാം പ്രാധാന്യം കൊടുക്കുന്നതെങ്കില്‍ അതിനു സമൂലമായ മാറ്റം വരുത്താനും നമുക്കു ശ്രദ്ധിക്കാം...

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*