ദാവീദ് - മനഃശ്ശക്തിയുടെ വിജയം

ദാവീദ് - മനഃശ്ശക്തിയുടെ വിജയം
ഫെലിസ്ത്യരും ഇസ്രായേല്യരും തമ്മില്‍ നടന്നിട്ടുള്ള അനേകം യുദ്ധങ്ങളുടെ വിവരണങ്ങളുണ്ട് ബൈബിളിലെ പഴയ നിയമത്തില്‍. ഒരു യുദ്ധത്തില്‍ ഫെലിസ്ത്യരുടെ സൈന്യത്തിന്‍റെ ഒപ്പം ഗോല്യാത്ത് എന്നൊരു മല്ലനുമുണ്ടായിരുന്നു. ഏകദേശം പത്ത് അടിയിലേറെ പൊക്കവും അതിനൊത്ത തടിയുമുള്ള ഒരു മല്ലന്‍. ഗോല്യാത്ത് അവിടെ നിന്ന് ഇസ്രായേല്യരോട് ഉറക്കെ വിളിച്ചു പറഞ്ഞു:


"ശൗലിന്‍റെ അടിമകളേ, നിങ്ങള്‍ അവിടെ എന്തുചെയ്യുകയാണ്? എന്നോട് യുദ്ധം ചെയ്യാന്‍ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാളെ തെരഞ്ഞെടുക്കുക. അവന്‍ എന്നെ കൊല്ലുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ അടിമകളാകും. ഞാന്‍ അയാളെ കൊല്ലുകയാണെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ അടിമകളാകണം."
ഈ  വാക്കുകള്‍ കേട്ട് ശൗലും കൂട്ടരും ഭയന്നുപോയി. ഗോല്യാത്ത് തുടര്‍ച്ചയായി നാല്‍പ്പത് ദിവസം കാലത്തും വൈകിട്ടും ഇസ്രായേല്യരെ വെല്ലുവിളിച്ചു.
ദാവീദ് എന്ന കൗമാരക്കാരന്‍റെ മൂത്ത മൂന്നു സഹോദരന്മാരും ശൗലിന്‍റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സൈന്യത്തിലുണ്ടായിരുന്നു. ഒരു ദിവസം ദാവീദിന്‍റെ പിതാവ് അയാളെ വിളിച്ചിട്ട് "സൈന്യത്തിലുള്ള നിന്‍റെ ജ്യേഷ്ഠന്മാര്‍ എന്തെടുക്കുന്നുവെന്ന് പോയി അറിഞ്ഞുവരിക" എന്നു പറഞ്ഞു. 
ദാവീദ് പിറ്റേ ദിവസം തന്‍റെ സഹോദരന്മാരെ കാണാന്‍ പുറപ്പെട്ടു. യുദ്ധഭൂമിയില്‍ ചെന്ന് സഹോദരന്മാരെ കണ്ടുപിടിച്ച് അവരോട് സുഖവിവരങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ് ഗോല്യാത്ത് എന്ന മുട്ടാളന്‍ മുന്നോട്ടുവന്ന്  ഇസ്രായേല്യരെ വെല്ലുവിളിക്കുന്നത് കാണുന്നത്. ഇസ്രായേല്യര്‍ ഗോല്യാത്തിനെ കണ്ടപ്പോള്‍ ഭയപ്പെട്ട് ഓടിപ്പോയി. 
ദാവീദ് അവനെ കണ്ടപ്പോള്‍ അടുത്തുനിന്നയാളോടു പറഞ്ഞു:
"അവന്‍ ജീവനുള്ള ദൈവത്തിന്‍റെ സൈന്യത്തെയല്ലേ വെല്ലുവിളിക്കുന്നത്? അവനെ നേരിടാന്‍ ഞാന്‍ തയ്യാറാണ്." ദാവീദ് ഇങ്ങനെ പറയുന്നത് അവന്‍റെ മൂത്ത സഹോദരന്‍ ഏലിയാബ് കേട്ടു. അയാള്‍ക്ക് ദാവീദിനോട് കടുത്ത കോപം തോന്നി. "നിനക്കിവിടെ എന്തുകാര്യം? നീ പോയി ആ ആടുകളെ നോക്കെടാ ചെറുക്കാ.... അവന്‍ വന്നിരിക്കുന്നു യുദ്ധം കാണാന്‍" എന്ന് അവന്‍ ദാവീദിനെ ശകാരിച്ചു. 
ചില പട്ടാളക്കാര്‍ ചെന്ന് ശൗല്‍ രാജാവിനോട് ദാവീദിനെക്കുറിച്ചു പറഞ്ഞു. രാജാവ് ദാവീദിനെ വിളിപ്പിച്ചു. ദാവീദ് പറഞ്ഞു. 
"തിരുമനസേ, ഈ ഫെലിസ്ത്യനെ ആരും ഭയപ്പെടേണ്ട! ഞാന്‍ പോയി അവനോട് യുദ്ധം ചെയ്യാം."
രാജാവ് അവനെ വിലക്കി.
"വേണ്ട, നീ പോകേണ്ട, നീ ഒരു ബാലനല്ലേ? അയാള്‍ ദീര്‍ഘനാളുകളായി യോദ്ധാവായിരുന്നവനാണ.്" 
"തിരുമനസേ," ദാവീദ് പറഞ്ഞു, "ഞാന്‍ യോദ്ധാവല്ലായിരിക്കാം. ഞാന്‍ ആടുകളെ മേയ്ക്കുന്നവനാണ്. പക്ഷേ സിംഹമോ പുലിയോ ഒരാട്ടിന്‍കുട്ടിയെ പിടിച്ചാല്‍ ഞാന്‍ അതിന്‍റെ പിന്നാലേ ഓടും. എങ്ങനെയും ഞാന്‍ ആട്ടിന്‍കുട്ടിയെ രക്ഷിക്കും. വേണ്ടിവന്നാല്‍ ആ കാട്ടുമൃഗത്തെ കൊല്ലുകയും ചെയ്യും. അതുപോലെ ഗോല്യാത്തിനേയും ഞാന്‍ നേരിടും. അവന്‍ ജീവനുള്ള ദൈവത്തിന്‍റെ സൈന്യത്തെയാണ് നിന്ദിക്കുന്നത്. സിംഹത്തിന്‍റെയും പുലിയുടെയുമൊക്കെ വായില്‍നിന്ന് എന്നെ രക്ഷിച്ച ദൈവം ഇവന്‍റെ കൈയില്‍ നിന്നും എന്നെ രക്ഷിക്കും."
"ശരി, ആകട്ടെ, ദൈവം നിന്നോടു കൂടെയിരിക്കട്ടെ." ശൗല്‍ അനുവദിച്ചു. ദാവീദ് ആട്ടിടയന്‍റെ ജോലിക്ക് ഉപയോഗിക്കുന്ന വടി എടുത്തു. അടുത്തുള്ള അരുവിയില്‍നിന്ന് അഞ്ച് മിനുസമുള്ള കല്ലുകളും പെറുക്കി തന്‍റെ സഞ്ചിയിലിട്ടു. ഒപ്പം കവണയും കരുതിയിരുന്നു. അവന്‍ ഗോല്യാത്തിന്‍റെ നേരെ നടന്നു. 
ഗോല്യാത്തും മുന്നോട്ടു നേരെ നടന്നു. അടുത്തു വന്നപ്പോഴാണ് ദാവീദ് ഒരു ബാലനാണെന്ന് ഗോല്യാത്ത് കാണുന്നത്. അയാള്‍ ദാവീദിനോട് മുക്രയിട്ടു.
അപ്പോള്‍ ദാവീദ് പറഞ്ഞു:
"നീ വാളും കുന്തവും ശൂലവുമെല്ലാം കൊണ്ട് എന്‍റെ നേരെ വരുന്നു. എന്നാല്‍ നീ പരിഹസിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിന്‍റെ നാമത്തില്‍ ഞാന്‍ വരുന്നു. ഇന്നുതന്നെ ദൈവം നിന്നെ എന്‍റെ കൈയില്‍ ഏല്പിക്കും. ഞാന്‍ നിന്നെ തോല്‍ പിച്ച് നിന്‍റെ തല വെട്ടിയെടുക്കും. നിന്‍റെ പട്ടാളക്കാരുടെ ശരീരങ്ങള്‍ ഞാന്‍ പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും തീറ്റയാക്കും. ഇസ്രായേലിന് ഒരു ദൈവമുണ്ടെന്നും തന്‍റെ ജനത്തെ രക്ഷിക്കാന്‍ അവന് വാളിന്‍റെയും കുന്തത്തിന്‍റെയും ആവശ്യമില്ലെന്നും എല്ലാവര്‍ക്കും അറിയാം. എല്ലാ വിജയവും അവന്‍റേതാണ്. നിന്‍റെ സൈന്യത്തെ ഞങ്ങള്‍ക്കുവേണ്ടി അവന്‍ തോല്‍പിക്കും."
ഗോല്യാത്ത് ദാവീദിന്‍റെ അടുക്കലേക്കു നടന്നടുത്തു. ദാവീദ് അയാളുടെ അടുത്തേക്ക് വളരെ വേഗം ഓടിച്ചെന്നു. തന്‍റെ സഞ്ചിയില്‍നിന്ന് ഒരു കല്ലെടുത്തു കവണയില്‍വെച്ച് ഉന്നം നോക്കി ചുഴറ്റിയെറിഞ്ഞു. ആ കല്ല് ഗോല്യാത്തിന്‍റെ നെറ്റിയില്‍ ചെന്നുകൊണ്ടു. അവന്‍റെ തലയോടു തകര്‍ന്നു. ഗോല്യാത്ത് മുഖമടിച്ച് നിലത്തുവീണു. വീണുകിടക്കുന്ന ഗോല്യാത്തിന്‍റെ അടുത്തേക്ക് ഓടിച്ചെന്ന് ദാവീദ് അവന്‍റെ മേല്‍ കയറിനിന്നു. ഗോല്യാത്തിന്‍റെ തന്നെ വാള്‍ ഊരിയെടുത്ത് അവന്‍റെ തല വെട്ടിയെടുത്തു. അങ്ങനെ ഒരു കവണയും കല്ലും മാത്രം ഉപയോഗിച്ച് ദാവീദ്  മല്ലനായ ഗോല്യാത്തിനെ കൊന്നു.
തങ്ങളുടെ വീരനായ നേതാവ് ചത്തുമലച്ചു എന്നു കണ്ടപ്പോള്‍ ഫെലിസ്ത്യര്‍ ഓടാന്‍ തുടങ്ങി. ഇസ്രായേല്‍ സൈന്യം അവരുടെ പിന്നാലേ പാഞ്ഞ് എല്ലാവരെയും കൊന്നൊടുക്കി. 
ദൈവത്തിലുള്ള ദാവീദിന്‍റെ അചഞ്ചലമായ വിശ്വാസം, ഉറച്ച മനഃശക്തി,  ധീരത, കല്ലും കവണയുമുപയോഗിക്കുന്നതിലുള്ള സാമര്‍ ത്ഥ്യം.....! ഇതൊക്കെയാണ് വലിയൊരു യുദ്ധം ജയിക്കാന്‍ ഇസ്രായേല്‍ സൈന്യത്തെ സഹായിച്ചത്. ഈ ഗുണങ്ങളൊക്കെയുണ്ടെങ്കില്‍ വിജയത്തിലേക്ക് നയിക്കുന്ന യുദ്ധം നിങ്ങള്‍ക്ക് ജയിക്കാന്‍ എളുപ്പമാണ്.

Comments

Popular posts from this blog

വാട്സാപ്പ് സ്റ്റാറ്റസുകളിലെ 'നെഗറ്റിവിറ്റി': നാം അറിയാതെ പോകുന്ന അപകടങ്ങൾ

വിളക്കുമരത്തോട് അമ്മ പറഞ്ഞ അഞ്ച് കാര്യങ്ങൾ..

മാനസിക പിരിമുറുക്കം.*