മനസ്സ്
ഒരിക്കൽ ഒരു സ്ത്രീ ഒരു ഡോക്ടറുടെ അടുക്കൽ ചികിത്സയ്ക്കായി ചെന്നു. അവരുടെ ദേഹത്ത് കുഷ്ഠരോഗംപോലെ ചൊറിഞ്ഞു ചുവന്നു തടിച്ചിരുന്നു. ഡോക്ടർ പരിശോധിച്ചു. പക്ഷേ ആ രോഗത്തിൻ്റെ കാരണമെന്തെന്നു കണ്ടുപിടിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
രോഗനിദാനശാസ്ത്രപരമായ എല്ലാ ടെസ്റ്റുകളുടെയും റിപ്പോർട്ടിൽ നിന്ന് അവർക്ക് ശാരീരികമായി എന്തെങ്കിലും തകരാറുള്ളതായി കണ്ടുപിടിക്കാൻ ഡോക്ടർക്ക് കഴിഞ്ഞില്ല. അദ്ദേഹം ഒരു മനശാസ്ത്രജ്ഞൻ കൂടിയായിരുന്നതിനാൽ ആ സ്ത്രീയുടെ ജീവിതകഥ സസൂക്ഷ്മം പഠിക്കുവാൻ ശ്രമിച്ചു. അവർ തൻ്റെ കഥ അദ്ദേഹത്തോടു തുറന്നു പറഞ്ഞു. ഒരു സഹോദരി മാത്രമേ അവർക്കുണ്ടായിരുന്നുള്ളു. പിതാവു മരിക്കുന്നതിനു മുമ്പു തൻ്റെ സ്വത്തുക്കൾ രണ്ടു പുത്രികൾക്കുമായി വീതിച്ചു കൊടുത്തു കൊണ്ടുള്ള ഒരു വിൽപത്രം എഴുതിവച്ചിരുന്നു. അച്ഛൻ്റെ മരണാനന്തരം വിൽപത്രമനുസരിച്ചു തനിക്കു കിട്ടിയ വീതത്തെക്കാൾ മെച്ചപ്പെട്ടതു തൻ്റെ സഹോദരിക്കു കിട്ടിയതായിരുന്നു എന്നാണ് ആ സ്ത്രീയുടെ പരാതി. ഏതായാലും വിരോധം മുഴുവൻ സഹോദരിയോടായിരുന്നു.സഹോദരിയെ അവർ അങ്ങേയറ്റം വെറുത്തു. കയ്പുനിറഞ്ഞ ആ വിദ്വേഷം നാൾക്കുനാൾ വർധിച്ചു അത് അവരുടെ മനസ്സിനെ മാന്തിക്കീറിക്കൊണ്ടിരുന്നു. ഡോക്ടർ രോഗകാരണം കണ്ടു പിടിച്ചു. ആ സ്ത്രീയുടെ മനസ്സിനെ മാന്തിക്കീറുന്ന വിദ്വേഷമാണു ശരീരത്തിൽ ചുവന്ന നിറത്തിലുള്ള ചൊറിഞ്ഞു തടിപ്പായി പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. അത് അവരോടു തുറന്നു പറയുകയും ചെയ്തു.
*ശാന്തിയും, സമാധാനവും നിറച്ചു കൊണ്ട് മനസിനെ പ്രകാശമാനമാക്കുന്നതിലൂടെ മാത്രമേ ആരോഗ്യകരമായ ജീവിതം സാദ്ധ്യമാകൂ.*

Comments
Post a Comment