സീറോ ടു ഹീറോ
സില്‍വസ്റ്റര്‍ സ്റ്റാലണ്‍ - സീറോ ടു ഹീറോ
ഒന്നുമില്ലായ്മയില്‍നിന്ന് അക്ഷീണപരിശ്രമം കൊണ്ട് ഹോളിവുഡിലെ താരരാജാവായി ലോകമെങ്ങും കൊ ണ്ടാടപ്പെടുന്ന സില്‍വസ്റ്റര്‍ സ്റ്റാലന്‍റെ വിജയഗാഥ പരിശ്രമശാലികള്‍ക്ക് നിത്യപ്രചോദനമായ ഒന്നാണ്.
സ്റ്റാലണെ പ്രസവിച്ച സമയത്തുണ്ടായ ചില സങ്കീര്‍ണതകള്‍ മൂലം മുഖത്തിന്‍റെ ഇടതുവശം കോടി പോയതിനാല്‍ സ്റ്റാലന്‍റെ മുഖത്തിന് കര്‍ക്കശഭാവവും സംസാരത്തില്‍ ഉച്ചാരണ വൈകല്യവുമുണ്ടായി. ഈ വൈകല്യങ്ങള്‍ മൂലം ബാലനായിരുന്ന സ്റ്റാലണ്‍ സഹപാഠികളുടെ ഇടയില്‍ പരിഹാസപാത്രമായി മാറി. മാതാപിതാക്കളുടെ ദാമ്പത്യകലഹം സ്റ്റാലന്‍റെ ബാല്യകാലത്തെ കലുഷിതമാക്കുകയും ചെയ്തു.
മുതിര്‍ന്നപ്പോഴും ദുരിതമയമായ ഒരു ജീവിതമാണ് സ്റ്റാലണെ കാത്തിരുന്നത്. വാടക നല്‍കാഞ്ഞതിനാല്‍ പുറത്താക്കപ്പെട്ട ആ യുവാവിന് തെരുവില്‍ കഴിയേണ്ടിവന്നു. ആ കാലത്ത് ചില മൂന്നാംകിട ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇരുനൂറ് ഡോളറാണ് ആദ്യം ലഭിച്ച പ്രതിഫലം! ആ ചിത്രം സ്വീകരിച്ചില്ലായിരുന്നെങ്കില്‍ ആരെയെങ്കിലും പിടിച്ചുപറിക്കാന്‍ പോകേണ്ടി വരുമായിരുന്നു എന്നാണ് പിന്നീടദ്ദേഹം പറഞ്ഞിട്ടുള്ളത്. എന്നാല്‍ ആ ഭാഗ്യം അധികനാള്‍ നീണ്ടുനിന്നില്ല. ചിത്രങ്ങള്‍ ലഭിക്കാതായപ്പോള്‍ സ്റ്റാലണ്‍ തിരക്കഥാ രചനയിലേക്കു തിരിഞ്ഞു.
അവിടെയും സ്റ്റാലണോട് ഭാഗ്യദേവത കനിഞ്ഞില്ല. എങ്കിലും അപ്പോഴും അദ്ദേഹം തിരക്കഥാരചന ഉപേക്ഷിച്ചില്ല. 1975-ല്‍, ഒരു ദിവസം മുഹമ്മദാലിയും ചക് വെപ്നറും തമ്മിലുള്ള ഗുസ്തിമത്സരം കാണാനിടയായി സ്റ്റാലണ്‍. അന്ന് രാത്രി മുതല്‍ മൂന്ന് ദിവസം കൊണ്ട് 'റോക്കി'യുടെ തിരക്കഥ എഴുതിത്തീര്‍ത്തു അദ്ദേഹം. എന്നിട്ട് അതിലെ നായകകഥാപാത്രമായി അഭിനയിക്കാമെന്ന മോഹവുമായി പല നിര്‍മ്മാതാക്കളെയും സമീപിച്ചു. എല്ലാ സ്റ്റുഡിയോ വാതിലുകളും കൊട്ടിയടയ്ക്കപ്പെടുകയാണുണ്ടായത്. ഒടുവില്‍, തിരക്കഥ വാങ്ങാന്‍ ഒരു സ്റ്റുഡിയോ തയ്യാറായി. എന്നാല്‍ വെള്ളിത്തിരയ്ക്ക് അപരിചിതമുഖമായ ആ യുവാവിനെ നായകനാക്കാന്‍ അവര്‍ക്കു സമ്മതമല്ലായിരുന്നു. എന്നാല്‍, 'റോക്കി'യിലെ നായകവേഷം തനിക്കുവേണ്ടി മാത്രം നിര്‍മ്മിക്കപ്പെട്ടതാണെന്ന് ഉറപ്പുണ്ടായിരുന്ന സ്റ്റാലണ്‍ വഴങ്ങിയില്ല.
ഒടുവില്‍ സ്റ്റുഡിയോക്കാര്‍ സമ്മതിച്ചു. ഏറ്റവും ചുരുങ്ങിയ ചിലവില്‍ ചിത്രം നിര്‍മ്മിക്കാന്‍ അവര്‍ തയ്യാറായി. ലോകസിനിമാചരിത്രത്തിലെ വലിയൊരു അത്ഭുതമാണ് പിന്നെ സംഭവിച്ചത്. ലോകമെമ്പാടും വന്‍വിജയമായതിനു പുറമെ നല്ല ചിത്രം, നല്ല സംവിധാനം, നല്ല എഡിറ്റിംഗ് എന്നിവയ്ക്കുള്ള അക്കാദമി അവാര്‍ഡുകളും അതിന് ലഭിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നിര്‍മ്മിച്ച റോക്കിയുടെ രണ്ടാം ഭാഗവും വന്‍വിജയമായിത്തീര്‍ന്നു. പിന്നെ സംഭവിച്ചതൊക്കെ ചരിത്രമായിരുന്നു. പല ഭാഗങ്ങളിലായി നിര്‍മ്മിക്കപ്പെട്ട 'ഫസ്റ്റ് ബ്ളഡ്' ഉള്‍പ്പടെ എത്രയെത്ര ചിത്രങ്ങള്‍! ലോകത്തിലെ താരരാജാക്കന്മാരിലൊരാളായി മാറി സ്റ്റാലണ്‍; ശതകോടീശ്വരനും. തന്‍റെ ലക്ഷ്യത്തെ ക്കുറിച്ചുണ്ടായിരുന്ന ഉറച്ച ബോധ്യവും അത് സാധിച്ചെടുക്കാനുള്ള നിശ്ചയദാര്‍ഢ്യവുമാണ് സ്റ്റാലന്‍റെ വിജയത്തിന് നിമിത്തമായ രാസത്വരകങ്ങള്‍.

Comments
Post a Comment