വിജയം
വിജയിപ്പിക്കാന്‍ കഴിയുമെന്ന് ഉത്തമവിശ്വാസമുള്ള ഒരു മേഖല ആദ്യം കണ്ടെത്തണം. ഇത് ഏറെ ആലോചിച്ചെടുക്കേണ്ട കാര്യമായതിനാല്‍ അതിനായി ഒരു സിസ്റ്റം ഉണ്ടാക്കിയെടുക്കുക. ഇനി വേണ്ടത് ടൂള്‍സ് അഥവാ ഉപകരണങ്ങളാണ്. അത്യാധുനിക രീതിയിലുള്ളവ തന്നെയാകണം അവ. അനന്തമായ നെറ്റ്വര്‍ക്ക് ഉണ്ടായിരിക്കണം.
ഇനി കഴിവുറ്റ ഒരു ടീമിനെ തിരഞ്ഞെടുക്കണം. ഓര്‍ക്കുക, വെറും ജോലിക്കാരെയല്ല യഥാര്‍ത്ഥ തൊഴില്‍ പാര്‍ട്ണേഴ്സിനെയാണ് കണ്ടെത്തേണ്ടത്.
അവസരോചിതമായ ഉപദേശങ്ങള്‍ നല്‍കാന്‍ കെല്‍പ്പുള്ള ഉപദേശകരെ (ഗുരുക്കന്മാരെ) ആണ് അടുത്തതായി വേണ്ടത്. ഒരാള്‍ തനിയെ ചിന്തിച്ചാല്‍ ലഭിക്കുന്നതിലും പതിന്മടങ്ങ് ഗുണങ്ങള്‍ പലര്‍കൂടി ചിന്തിക്കുമ്പോള്‍ ലഭ്യമാകുന്നു. പക്ഷേ ഒരു കാര്യം. ആ പലര്‍ പല രീതിയിലുള്ള അഭിപ്രായവുമായി നടന്നാല്‍ ഗുണമുണ്ടാകില്ല. അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കുന്നതിലാണ് ടീം ലീഡറുടെ വിജയം ഇരിക്കുന്നത്. ഒരു സംഗതി വിജയിപ്പിക്കണമെങ്കില്‍ വിജയം നേടിയ പലരോടും പലവട്ടം അഭിപ്രായം ആരായാണ്ടേതുണ്ട്. അവരില്‍നിന്നു കിട്ടുന്ന ആശയങ്ങള്‍ അതേപടി സ്വീകരിക്കാതെ നമ്മുടെ അഭിരുചിക്കും സാഹചര്യത്തിന്‍റെ ആവശ്യത്തിനും അനുസൃതമായ രീതിയില്‍ മാറ്റം വരുത്തി പ്രവൃത്തിപഥത്തിലെത്തിക്കുക. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണാനും സാധിക്കണം.
ലക്ഷ്യം നിശ്ചയിച്ചുകഴിഞ്ഞാല്‍ പിന്നെ ഉറങ്ങുന്ന സമയം ഒഴിച്ചുള്ള സമയമെല്ലാം മനസ് ലക്ഷ്യത്തില്‍ കേന്ദ്രീകരിച്ചിരിക്കണം.
ജൂലിയസ് സീസറുടെ കഥ കേട്ടിട്ടില്ലേ? റോഡ്സിലെ സ്കൂളിലായിരുന്നു സീസര്‍ തന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അപസ്മാരരോഗിയായിരുന്നെങ്കിലും അസാമാന്യപ്രതിഭയുള്ള വിദ്യാര്‍ത്ഥിയായിരുന്നു സീസര്‍. പൊതുജീവിതത്തിലിറങ്ങിയപ്പോള്‍ ജനതയുടെ ആദരവ് പിടിച്ചുപറ്റാന്‍ അദ്ദേഹത്തിനായി. വിദഗ്ദ്ധനായൊരു സൈന്യാധിപനും മികച്ച രാജ്യതന്ത്രജ്ഞനും നല്ലൊരു എഴുത്തുകാരനുമായിരുന്നു സീസര്‍. കോണ്‍സല്‍ പദവി ലക്ഷ്യം വെച്ചുകൊണ്ടാണ് സീസര്‍ തന്‍റെ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തത്. സമൂഹത്തിലെ ഉന്നതരെയും താഴേക്കിടയിലുള്ളവരെയും ഒരു പോലെ തന്‍റെ പക്ഷത്തേക്കു കൊണ്ടുവരുന്നതില്‍ സീസര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ആധുനിക വാര്‍ത്താപത്രങ്ങളുടെ ആരംഭത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ സീസറുടെ കാലത്തെ റോമാക്കാരുടെ അടുത്ത് എത്തിച്ചേരും നാം. 'ദൈവീക സംഭവങ്ങള്‍" എന്നര്‍ത്ഥം വരുന്ന 'അക്ടാദ്യുയുര്‍ണ' എന്ന പേരില്‍ പൊതുപ്രസ്താവനകള്‍ എഴുതി തയ്യാറാക്കി പ്രസിദ്ധപ്പെടുത്തുന്ന സമ്പ്രദായം സീസറാണ് ആരംഭിച്ചത്. എന്നാല്‍ ഇതൊന്നുമായിരുന്നില്ല സീസറുടെ നേതൃപാടവത്തിന്‍റെ മാതൃക.
ബുദ്ധിയിലും ശക്തിയിലും ഒരുപോലെ തിളങ്ങിയ സീസര്‍ ഇംഗ്ലണ്ട് പിടിച്ചടക്കാന്‍ സൈന്യത്തെ നിയോഗിച്ചു. അവര്‍ പരാജയപ്പെട്ട് തിരിച്ചെത്തി. രണ്ടാം വട്ടം പോയവരും തോറ്റുമടങ്ങി. മടികൂടാതെ മൂന്നാമതും യുദ്ധത്തിനായി സീസര്‍ പട നയിച്ചു. കപ്പലില്‍നിന്ന് പട്ടാളക്കാര്‍ കരയില്‍ കാലുകുത്തിയ നിമിഷം അവര്‍ സഞ്ചരിച്ചു വന്ന കപ്പല്‍ സീസര്‍ അഗ്നിക്കിരയാക്കി.
ആ പ്രാവശ്യം റോമന്‍ സൈന്യം ജയിക്കുകതന്നെ ചെയ്തു. കാരണം ശത്രുക്കളുടെ മുന്നില്‍ തോറ്റ് തിരിച്ചു പോരാന്‍ കപ്പലില്ലല്ലോ. അതുകൊണ്ട് നിലനില്‍പിനായി എല്ലാവരും അവരവരുടെ ശക്തി പരമാവധി ഉപയോഗിക്കുകയായിരുന്നു.
Comments
Post a Comment