മാനസിക പിരിമുറുക്കം.*
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
*മാനസിക പിരിമുറുക്കം.*
മാനസിക പിരിമുറുക്കമുണ്ടാകാത്തവരായി ആരുമില്ല. എന്നാല്‍ നിസാര വാക്കിനും നോക്കിനും വരെ മനസിനെ വേദനിപ്പിക്കുന്നവരും അതാലോചിച്ച് സമയവും സ്വസ്ഥതയും നശിപ്പിക്കുന്നവരും നിരവധിയാണ്. ഏതെങ്കിലും പ്രതികൂല സാഹചര്യം ഉണ്ടായാല്‍ അത് നേരിടാനുള്ള ശരീരത്തിന്റെ മുന്നൊരുക്കത്തെയാണ് സ്ട്രസ് ( ടെന്‍ഷന്‍ ) എന്ന് പറയുന്നത്.
ഉദാഹരണത്തിന് നമ്മെ ഒരു പട്ടി ഓടിക്കുകയാണെന്ന് കരുതുക. അപ്പോള്‍ നമ്മില്‍ രൂപപ്പെടുന്ന ഭീതി നമ്മെ വളരെയധികം ഓടുവാന്‍ സഹായിക്കുന്നു. തല്‍ഫലമായി പട്ടികടി എന്ന അപകടത്തില്‍ നിന്നും നമുക്ക് രക്ഷപ്പെടാനാവുന്നു. ഇവിടെ പട്ടി ഓടിക്കുബോള്‍ ഉണ്ടായ ടെന്‍ഷന്‍ ശരീരത്തിന് ഗുണകരമായ മാറ്റമാണ് സമ്മാനിക്കുന്നത്.
ഇത് തന്നെയാണ് വര്‍ഷം മുഴുവന്‍ ഉഴപ്പി നടന്നിരുന്ന വിദ്യാര്‍ത്ഥി പരീക്ഷാ മാസങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി പഠനം നടത്തുന്നതിന് പിന്നിലുള്ള മനഃശാസ്ത്രവും. എന്നാല്‍ പരീക്ഷാ പേടി ഇത്രയും കാലം നമ്മള്‍ പഠിച്ചതെല്ലാം മറന്നതിലേക്കാണ് എത്തിച്ചത്. എങ്കില്‍ ടെന്‍ഷന്‍ കാരണം ദോഷമാണ് സംഭവിച്ചത്. അപ്പോള്‍ ടെന്‍ഷന്‍ വരുന്നത് ഒരു രോഗമാണെന്നല്ല, മറിച്ച് അതിനെ ഏത് രീതിയില്‍ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യങ്ങളുടെ കിടപ്പ് എന്ന് സാരം.
അതെ, ടെന്‍ഷന്‍ മനുഷ്യ ജീവിതത്തില്‍ സ്വാഭാവികമാണ്. അതൊരു രോഗമല്ല. പക്ഷെ അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനനുസരിച്ചാണ് ഒരാളുടെ ജീവിത വിജയവും പരാജയവും നിര്‍ണ്ണയിക്കുന്നത്. ചിലര്‍ വലിയ വലിയ വെല്ലുവിളികളെപ്പോലും അതിജീവിച്ച് ഉന്നത വിജയം സ്വായത്തമാക്കുബോള്‍ മറ്റു ചിലര്‍ ചില നിസ്സാര സംഗതികള്‍ പറഞ്ഞ് കയ്യിലെ വിജയം വലിച്ചെറിയുന്നു. പഴയ തലമുറ ദാരിദ്രം, വേര്‍പാട്, പട്ടിണി തുടങ്ങി നിരവധി പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. അവര്‍ക്ക് ഇന്നത്തേത് പോലുള്ള ആധുനിക സൗകര്യങ്ങള്‍ അനുഭവിക്കാന്‍ പോയിട്ട്
ആലോചിക്കാന്‍ പോലും അശക്തരായിരുന്നു. എന്നാല്‍ സമ്പത്തും സൗകര്യവും ജീവിത നിലവാരവും ആധുനിക തലമുറയാണ് അനുഭവിക്കുന്നതെങ്കിലും ഇവരാണ് ഏറ്റവും ടെന്‍ഷന്‍ അടിക്കുന്നത്.
പ്രവാസത്തിന്റെ ആദ്യ കാലങ്ങളില്‍ ഗള്‍ഫിലേക്ക് പുറപ്പെട്ട ഭര്‍ത്താവ് എത്തിയോ ഇല്ലയോ എന്നറിയാന്‍ മാസങ്ങള്‍ കാത്തിരിക്കുന്നവരായിരുന്നു പഴയ തലമുറ.
എന്നാല്‍ ഇന്നത്തെ പ്രവാസികള്‍ ദിവസവും മണിക്കൂറുകള്‍ നേരിട്ട് സംസാരിക്കുന്നുണ്ടെങ്കിലും ടെന്‍ഷന്‍ കാണുന്നത് പുതിയ തലമുറയില്‍ തന്നെയാണ്. അപ്പോള്‍ സൗകര്യങ്ങളല്ല, മറിച്ച് അവയെ നേരിടുന്നതിലുള്ള വൈദഗ്ധ്യമാണ് ടെന്‍ഷന്‍ നിയന്ത്രിക്കുന്നതിന്റെ പ്രധാന ഘടകം.
❤️ *സ്ത്രീകളും ടെന്‍ഷനും.*
അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ കണക്കുപ്രകാരം സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ ടെന്‍ഷന്‍ അനുഭവിക്കുന്നത്. നമ്മുക്ക് ചുറ്റും നമ്മള്‍ അറിയുന്നവരും അറിയാത്തവരുമായി അടച്ചിട്ട വാതിലിന് പിറകിലായി അടക്കിപിടിച്ച
ഹൃദയവുമായി കഴിഞ്ഞ് കൂടുന്നവര്‍ ധാരാളമുണ്ടെന്നാണ് യാഥാര്‍ത്ഥ്യം. പുരുഷ മേധാവിത്വം, അഭിപ്രായ സ്വാതന്ത്രമില്ലായ്മ, ഭര്‍ത്താവിന്റെ അസാന്നിധ്യം, തുറന്നുപറയാന്‍ ആരും ഇല്ലായ്മ എന്നിവയെല്ലാമാണ് സ്ത്രീയെ പുരുഷനേക്കാള്‍ മാനസിക സമ്മര്‍ദത്തിലാക്കുന്നത്.
പുറം ലോകവുമായുള്ള ബന്ധങ്ങളും ദിവസേന ഇടപെടുന്ന വ്യത്യസ്ത സാഹചര്യങ്ങളും പുരുഷനെ പ്രയാസങ്ങള്‍ മറക്കാനും അതിജീവിക്കാനും സഹായിക്കുന്നു. എന്നാല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അടുക്കളയുടെ ഇട്ടാവട്ടങ്ങളില്‍ ഒതുങ്ങി കൂടുന്ന സ്ത്രീകള്‍ക്ക് മനസ്സിലെ മാറാലയകറ്റാന്‍ മറ്റു വഴികളില്ലാത്തതിനാല്‍ ടെന്‍ഷന്‍ അവളെ കാര്‍ന്നു തിന്നു കൊണ്ടേയിരിക്കുന്നു.
കാര്യങ്ങളോട് ഉടന്‍ പ്രതികരിക്കുന്നതാണ് പുരുഷന്റെ സ്വഭാവം. പക്ഷെ എത്ര വൈകാരികമായി പ്രതികരിച്ചാലും ഉടന്‍ തന്നെ പുരുഷന്‍ അത് മറന്നു കളയും. എന്നാല്‍ സ്ത്രീകളാകട്ടെ കാര്യങ്ങള്‍ എല്ലാം ഹൃദയത്തിലിട്ട് പുകപ്പിക്കുകയും ആവശ്യമാവുമ്പോള്‍ ആളിക്കത്തുകയും ചെയ്യുന്നു.
ഈ പുകയല്‍ തന്നെയാണ് ടെന്‍ഷനുകള്‍ക്കടിമയാക്കുന്നത്. ഈ കാരണങ്ങള്‍ തന്നെയാണ് പുരുഷന്മാര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ കയ്യാങ്കളി വരെ എത്തിയാലും അധികം നീണ്ടു നില്‍ക്കാറില്ല. എന്നാല്‍ സ്ത്രീകള്‍ തമ്മിലുള്ള നിസ്സാര വാക്കിൻ്റെയോ നോക്കിൻ്റെയോ പ്രശ്‌നങ്ങള്‍ തലമുറകൾ നീണ്ടു നിൽക്കുകയും ചെയ്യുന്നു.
❤️ *ടെന്‍ഷന്റെ കാരണങ്ങള്‍.*
ടെന്‍ഷനടിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം കാണും. മരണം, സാമ്പത്തികം, രോഗം, കുടുംബപ്രശ്‌നം എന്നിവയെല്ലാം ടെന്‍ഷന് കാരണമാകാറുണ്ട്. ഓരോ വ്യക്തിയ്ക്കും ടെന്‍ഷന്‍ അടിക്കാനുള്ള കാരണം വ്യത്യസ്തമാണ്. ഒരേ കാരണം തന്നെ രണ്ട് വ്യക്തികളില്‍ ഉണ്ടാക്കാവുന്ന സമ്മര്‍ദവും വ്യത്യസ്തമായിരിക്കും.
❤️ *ലക്ഷണങ്ങള്‍.*
ഒരു വ്യക്തി അയാളുടെ ടെന്‍ഷന്‍ പ്രകടിപ്പിക്കുന്നത് ആ വ്യക്തിയുടെ സ്വഭാവത്തിലും, പ്രവര്‍ത്തിയിലും, ചിന്താരീതിയിലും വരുന്ന മാറ്റത്തിലൂടെയാണ്. ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, വര്‍ദ്ധിച്ച ഉല്‍കണ്ഠ, അസ്വസ്ഥത, ഏകാന്തത, പെട്ടെന്നുള്ള മനസ്സ് മാറ്റം എന്നിവയെല്ലാം ടെന്‍ഷന്റെ ലക്ഷണങ്ങളായി കണക്കാക്കാം.
ഭക്ഷണത്തിലെ താല്‍പര്യകുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, മറ്റുളളവരില്‍ നിന്നുള്ള ഉള്‍വലിയല്‍, മദ്യം, മയക്കുമരുന്നുകളുടെ ഉപയോഗം എന്നിവയെല്ലാം ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ കാണുന്ന സ്വഭാവ വ്യതിയാനങ്ങളാണ്.
കൂടാതെ തലവേദന, കടച്ചില്‍, വയറിളക്കം, ഛര്‍ദി, വയറുകാളല്‍, നെഞ്ചു വേദന എന്നീ ശാരീരിക ലക്ഷണങ്ങളും ടെന്‍ഷന്‍ കാരണം ഉണ്ടാകാറുണ്ട്.
❤️ *ആരോഗ്യ പ്രശ്‌നങ്ങള്‍.*
ഇതൊന്നും എനിക്ക് പ്രശ്‌നമല്ല, ഞാനിതൊക്കെ സഹിച്ചുകൊള്ളാം എന്നു പറഞ്ഞ് മനസ്സിനെ തീ തീറ്റിക്കുന്നവര്‍ അറിയുക. സ്ഥിരമായി ടെന്‍ഷന്‍ അടിക്കുന്നവരെ കാത്ത് നിരവധി രോഗങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഡിപ്രഷന്‍,
ഉല്‍കണ്ഠാ രോഗം, ഉറക്ക പ്രശ്‌നങ്ങള്‍, വിട്ടുമാറാത്ത വേദനകള്‍, ദഹന പ്രശ്‌നങ്ങള്‍, അകാലനര തുടങ്ങി പ്രായമാകും മുന്‍പേ വയസ്സാകുന്ന രോഗങ്ങളും ഇത്തരക്കാരെ കാത്തിരിക്കുന്നുണ്ട്.
കൂടാതെ ശരീരഭാരം കുറയുക, പ്രത്യുല്‍പാദന പ്രശ്‌നങ്ങള്‍, മാനസിക രോഗങ്ങള്‍, ഹൃദ്രോഗം എന്നിവയും ഇവരില്‍ കൂടുതലായി കണ്ടുവരുന്നുണ്ട്.
❤️ *എന്താണ് പരിഹാരം ?.*
എനിക്കെന്നും ഇതാണ് സ്ഥിതി. സഹിക്കുകയല്ലാതെ എന്തുചെയ്യും, എന്നും പറഞ്ഞിരുന്നാല്‍ പ്രശ്നങ്ങള്‍ തീരുവാന്‍ പോകുന്നില്ല. എല്ലാവിധ സൗഭാഗ്യങ്ങളും ലഭിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരുമെന്നു വിശ്വസിക്കുന്നവര്‍ മനസ്സിലാക്കുക, തൊട്ടതെല്ലാം പൊന്നാക്കാനുള്ള സൗഭാഗ്യം ലഭിച്ച മിഡാസ് രാജാവിന് ടെന്‍ഷനുണ്ടാക്കിയത് തനിക്ക് കിട്ടിയ വരം തന്നെയാണ്. അപ്പോള്‍ ടെന്‍ഷന്‍ മാറാനുള്ള സമയം കാത്തിരിക്കുന്നതിന് പകരം തന്റെ സാഹചര്യം ഉപയോഗപ്പെടുത്തി ടെന്‍ഷന്‍ മറികടക്കുക എന്നത് തന്നെയാണ്.
❤️ *ടെന്‍ഷന്‍ മാറാന്‍ 10 നിര്‍ദേശങ്ങള്‍.*
🌹1. ധ്യാനം, പ്രാര്‍ത്ഥന, യോഗ തുടങ്ങിയവ മനസ്സിന് ഏകാഗ്രത നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ മന:സമാധാനം നല്‍കുവാനും ഹ്യദയം വിശാലമാക്കുവാനും സഹായിക്കും.
🌹2. ജോലികള്‍ക്കിടയില്‍ ക്യത്യമായ വിശ്രമം, ഒഴിവ് സമയം, ഇടവേള എന്നിവ കണ്ടെത്തുക. ഇത് കൂടുതല്‍ ശക്തിയായി ജോലി ചെയ്യുവാനും പ്രശ്‌നങ്ങളെ തരണം ചെയ്യുവാനും സഹായിക്കും.
🌹3. തനിക്ക് വന്ന പ്രയാസത്തെ ഓര്‍ത്ത് സങ്കടപ്പെട്ടു കൊണ്ടിരിക്കുന്നതിന് പകരം തന്നേക്കാള്‍ കഷ്ടപ്പെടുന്നവരെ കുറിച്ച് ചിന്തിക്കുക. വിരല്‍ നഷ്ടപ്പെട്ടവന്‍ കൈകളില്ലാത്തവനെ പറ്റിയും പണം നഷ്ടപ്പെട്ടവന്‍ ജീവന്‍ നഷ്ടപ്പെട്ടവനെ പറ്റിയും ചിന്തിച്ചാല്‍, തനിക്ക് ലഭിച്ച അനുഗ്രഹത്തില്‍ തൃപ്തിപ്പെട്ട് ജീവിക്കാന്‍ കഴിയും. മറിച്ച് എനിക്ക് ഇത് പോര, അവളെപ്പോലെ ആവാന്‍ പറ്റിയില്ലല്ലോ എന്നാണ് ചിന്തിക്കുന്നതെങ്കില്‍ കാലാകാലം മനസ്സ് നീറി ജീവിക്കേണ്ടി വരും.
🌹4. സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കുകയും അവര്‍ക്ക് വേണ്ടി സമയം മാറ്റിവെക്കുകയും ചെയ്യുക. നേരിട്ട് കൂടാന്‍ കഴിഞ്ഞില്ലെങ്കിലും ഫോണ്‍ വിളിയിലോ, സാമൂഹ്യ മാധ്യമങ്ങള്‍ വഴിയോ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുക, പ്രയാസങ്ങള്‍ പങ്കുവെക്കുക, മനസ്സറിഞ്ഞ് ചിരിക്കുക.
🌹5. കളി, സംഗീതം, വായന. തങ്ങളിഷ്ടപ്പെടുന്ന വിനോദങ്ങള്‍ക്ക് സമയം കണ്ടെത്തുക.
🌹6. ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍, പ്രഭാത സവാരി എന്നിവ ശീലമാക്കുക.
🌹7. ശരിയായ ഉറക്കം. മുറിവേറ്റ മനസ്സിന്റെ തൈലമാണ് ഉറക്കം എന്നാണ് പഴമൊഴി.
🌹8. കൂടുതല്‍ ടെന്‍ഷനടിക്കുന്ന സമയത്ത് ഒറ്റക്കിരുന്ന് ശരീരത്തിലെ ഭാരങ്ങളെല്ലാം ഇറക്കിവച്ച് മറ്റ് ശബ്ദങ്ങളില്‍ നിന്നെല്ലാം വിട്ട് നിന്ന് ശ്വാസത്തിലേക്ക് മാത്രം ശ്രദ്ധിക്കുക.
കണ്ണുകള്‍ അടച്ച് സാവധാനം ശ്വാസം പരമാവധി ഉള്ളിലേക്കെടുക്കുകയും കഴിയുന്ന സമയമത്രയും ശ്വാസം പിടിച്ച് നില്‍ക്കുക, പതുക്കെ മുഴുവനായും ശ്വാസം പുറത്തുവിടുക, കണ്ണടച്ച് ഇപ്രകാരം 5 മിനിട്ട് വരെ ചെയ്താല്‍ ശരീരത്തിനും മനസ്സിനും നവോന്മേഷം ലഭിക്കും.
🌹9. എന്താണ് തന്റെ പ്രശ്‌നം എന്ന് സ്വയം ചിന്തിക്കുകയും തിരിച്ചറിയുകയും ചെയ്യുക. അവയെ കൃത്യമായി രേഖപ്പെടുത്തുകയും അതിനെ എങ്ങനെ മറികടക്കാമെന്ന് തീരുമാനിക്കുകയും ചെയ്യുക.
🌹10. കൗണ്‍സലിങ്. ( പ്രശ്‌നം പങ്കുവെച്ചാല്‍ പ്രശ്‌നം പരിഹരിക്കാം ) എന്നാണ് പഴമൊഴി. നമ്മുടെ പ്രയാസങ്ങള്‍ യോഗ്യനായൊരു കൗണ്‍സിലറോടോ ഡോക്ടറോടോ പങ്കുവെയ്ക്കുകയും റിലാക്‌സേഷന്‍ തെറാപ്പിക്കള്‍ക്കും മറ്റും വിധോയരാകുകയും അവരുടെ നിര്‍ദേശങ്ങള്‍ പിന്തുടരുകയും ചെയ്താല്‍ ഏത് പ്രശ്നങ്ങളും പമ്പകടക്കും തീര്‍ച്ച.
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
Comments
Post a Comment